സി.പി.എം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കം

സി.പി.എം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കമാകും. മറൈന്‍ഡ്രൈവില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തന റിപ്പോര്‍ട്ടിന് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നല്‍കും. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പാര്‍ട്ടി സമ്മേളനം എറണാകുളം ജില്ലയിലേക്ക് എത്തുന്നത്.

ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യത്തെ മൂന്ന് ദിവസം ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായുള്ള കര്‍മപദ്ധതിയുടെ നയരേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അംഗീകരിക്കും.

കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടത്തുക. പ്രത്യേക സാഹചര്യം പരിഗണിച്ച് കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപന റാലിയും ഇത്തവണ ഉണ്ടാകില്ല. പ്രതിനിധി സമ്മേളനത്തില്‍ 400 ഓളം പേര്‍ പങ്കെടുക്കും. 23 നിരീക്ഷകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

നാലിന് വൈകിട്ട് ഇ ബാലാനന്ദന്‍ നഗറില്‍ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സെമിനാറുകള്‍, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ദൃശ്യവല്‍ക്കരിച്ച ചരിത്രപ്രദര്‍ശനം, സാംസ്‌കാരിക സംഗമം എന്നിവ അഭിമന്യു നഗറിനെ സമ്പന്നമാക്കും.

അതേസമയം വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയെന്നാണ് ഇന്നലെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സംസ്ഥാന സമ്മേളനത്തില്‍ ആര് പതാക ഉയര്‍ത്തണം എന്നത് ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിക്കും.