വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കുടുംബത്തിന്റെ ബാധ്യതകൾ ഏറ്റെടുത്ത് സിപിഎം; ബാങ്ക് വായ്പ തീർക്കാനും വീട് പൂർത്തിയാക്കാനും സഹായം

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പയും വീട് പണിയും സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. ബാങ്ക് വായ്പയുടെ കുടിശ്ശികയായ ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് ബാങ്ക് നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് സിപിഎം നടപടി.

വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കുടുംബത്തിന് ആകെയുള്ള 14 സെൻ്റ് സ്ഥലം പണയപ്പെടുത്തി 2019 ൽ അഞ്ചു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. പീരുമേട് താലൂക്ക് സഹകരണ കാർഷിക- ഗ്രാമ വികസന ബാങ്കിൽ നിന്നാണ് വായ്പയെടുത്തത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനാണ് ലോണെടുത്തത്. അച്ഛനമ്മമാരില്ലാത്ത കുട്ടിയെ ഇവരാണ് സംരക്ഷിച്ചിരുന്നത്.

എന്നാൽ ആറു വയസുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ കടം 7,39,000 രൂപയായി. ഇവർ സ്വന്തം സ്ഥലത്ത് തുടങ്ങിയ വീടുപണിയും പാതി വഴിയിലാണ്. പുതിയതായി പണിയുന്ന വീടിനോട് ചേർന്ന് തന്നെയാണ് കുട്ടിയെ അടക്കിയിരിക്കുന്നത്. വീട് പൂർത്തിയാക്കണമെങ്കിൽ നാലു ലക്ഷത്തോളം രൂപ ഇനിയും വേണ്ടിവരും. ഇതിന് ആവശ്യമായ സഹായം നൽകാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

Read more

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാതെ പോയതിനാൽ പ്രതിയെ വെറുതെ വിടുകയായിരുന്നു. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല.