കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ചടങ്ങുകള്‍ നടത്താമെന്നും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മൃതദേഹത്തിന്റെ മുഖം സംസ്്‌കാരത്തിന് നേതൃത്വം നല്‍കുന്ന ജീവനക്കാരന്‍ ബന്ധുക്കളെ കാണിക്കണം. മൃതദേഹത്തെ കുളിപ്പിക്കാനോ ചുംബിക്കാനോ പാടില്ല. മൃതദേഹത്തിന്റെ അടുത്ത് നിന്ന് കാണരുത്. സംസ്‌കാര സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കാതെ നിശ്ചിത അകലത്തില്‍ നിന്ന് മതഗ്രന്ഥങ്ങള്‍ വായിക്കുകയോ മന്ത്രങ്ങള്‍ ഉരുവിടുകയോ ചെയ്യാം.
അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും മറ്റു അസുഖങ്ങളുള്ളവരും മൃതദേഹത്തിന് സമീപം വരാന്‍ പാടില്ല. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തില്‍ നിന്ന് വൈറസ് പകരാന്‍ സാദ്ധ്യത കൂടുതലായതിനാല്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം. മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്.