സൈറയെ കേരളത്തില്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി; നായയെ വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ ഏഷ്യ

ഉക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിച്ച സൈറ എന്ന വളര്‍ത്തു നായയെ വിമാനത്തില്‍ കയറ്റാനാകില്ലെന്ന് എയര്‍ ഏഷ്യ. ഡല്‍ഹിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാനാകില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചു. ഇതേ തുടര്‍ന്ന് വളര്‍ത്തു നായയുമായി എത്തിയ ആര്യ അടക്കം നാല് പേരുടെ മടക്കമാണ് പ്രതിസന്ധിയിലാകുന്നത്.

വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് വിമാനങ്ങളില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ആവശ്യമാണ് എന്നാണ് എയര്‍ ഏഷ്യ അധികൃതര്‍ പറയുന്നത്. എയര്‍ ഇന്ത്യഅടക്കമുള്ള വിമാനങ്ങളില്‍ ഇത്തരം സജ്ജീകരണങ്ങള്‍ ഉണ്ട്. എന്നാല്‍ എയര്‍ ഏഷ്യയുടെ വിമാനമാണ് സര്‍ക്കാര്‍ ഇന്ന് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് 3.30നാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെടുന്നത്.

Read more

സാധ്യമാകുന്ന വഴിയിലൂടെ സ്വന്തം നിലയില്‍ സൈറയെ വീട്ടിലേയ്ക്ക് കൊണ്ടു പോകും എന്നാണ് ആര്യയുടെ പ്രതികരണം. യുദ്ധഭൂമിയില്‍ നിന്നും ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സൈറ എന്ന സൈബീരിയന്‍ നായയുമായി ഇന്ന് പുലര്‍ച്ചെയാണ് ആര്യ ഡല്‍ഹിയില്‍ എത്തിയത്. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശിയായ ആര്യ കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.