കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനം; കെ.എസ് ഹംസയ്‌ക്ക് എതിരെ നടപടി, പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി

മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയും പ്രലര്‍ത്തക സമിതി അംഗവുമായിരുന്ന കെ എസ് ഹംസയ്ക്ക് എതിരെ പാര്‍ട്ടി നടപടി. കഴിഞ്ഞ ദിവസം നടന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. അദ്ദേഹത്തെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കി.

ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് നടപടിയെടുത്തത്. രൂക്ഷമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, മറിച്ച് യോഗത്തില്‍ ആരൊക്കെ പങ്കെടുത്തുവെന്നും എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

എറണാകുളത്ത് നടന്ന മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു വിമര്‍ശനം. കുഞ്ഞാലിക്കുട്ടി യുഡിഎഫിലാണോ എല്‍ഡിഎഫിലാണോ എന്ന് അണികള്‍ക്ക് സംശയമുണ്ട്. കെ റെയില്‍ പോലുള്ള വിഷയങ്ങളില്‍ വ്യക്തതയില്ലാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കെ എസ് ഹംസ വിമര്‍ശിച്ചിരുന്നു. ഫണ്ട് ശേഖരണത്തിലെ സുതാര്യത, ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ നിലനിര്‍ത്തല്‍ എന്നീ കാര്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിമര്‍ശനംരൂക്ഷമായതിനെ തുടര്‍ന്ന പി കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണ ിമുഴക്കിയതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് നൂറ്റാണ്ടിലെ വലിയ തമാശയാണെന്നായിരുന്നു പിഎംഎ സലാം പ്രതികരിച്ചത്. യോഗത്തില്‍ വ്യക്തിഗത വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലെന്നും എന്നാല്‍ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.