വീണ്ടും വിവാദ പരാമർശവുമായി യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് നടക്കാനുള്ളതാണ് നിസ്‌കരിക്കാനുള്ളതല്ലെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. അച്ചടക്കം ഹിന്ദുക്കളിൽ നിന്നും പഠിക്കണമെന്നും ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
റോഡിൽ നിസ്‌കാരം വിലക്കിയ നടപടിയെ കുറിച്ചുള്ള ചോദ്യത്തിനാണ് യോഗി ആദിത്യനാഥിന്റെ മറുപടി. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പിന്തുടരാൻ പഠിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം നേരത്തെയും വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം. യുപിയിൽ ഏറ്റവും സുരക്ഷിതർ ന്യൂനപക്ഷങ്ങളാണെന്നും ആദിത്യനാഥ് പറഞ്ഞു.
ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നും എന്നാൽ മുസ്ലിം കുടുംബങ്ങൾക്കിടയിൽ ഹിന്ദു കുടുംബങ്ങൾ സുരക്ഷിതരല്ലെന്നുമാണ് യോഗി ആദിത്യനാഥിൻ്റെ വാദം.
‘100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കർമങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്.
എന്നാൽ, 100 മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദു കുടുംബങ്ങൾ സുരക്ഷിതരല്ല എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബംഗ്ലാദേശ് ഒരു ഉദാഹരണമാണെന്നും അതിന് മുമ്പ് പാകിസ്ഥാനാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം 2017ന് ശേഷം യുപിയിൽ കലാപമുണ്ടായിട്ടില്ലെന്ന് യോഗി പറഞ്ഞു. യുപിയിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ എട്ട് വർഷം പൂർത്തിയാക്കി. 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചു. ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.