പത്തനാപുരം തലവൂര്‍ ആശുപത്രിക്കെതിരാായ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോയിയേഷനും കേരള ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് ഫെഡറേഷനുമാണ് മറുപടിയുമായി എത്തിയത്.
ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചത് കൊണ്ടാണ് ആശുപത്രിയിലെ ടൈലും ഫ്‌ലെഷ് ടാങ്കും തകരാറിലായത്. ശുചിമുറിയുടെ ടൈല്‍ ഇളകിയതിന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അമ്പിളി കുമാരിയാണോ ഉത്തരവാദിയെന്ന് അവര്‍ ചോദിച്ചു. തകരാറിലായ വിവരം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. ഇക്കാര്യത്തില്‍ അസിസ്റ്റന്റ് എന്‍ജീനിയര്‍ അടക്കമുള്ളവരാണ് നടപടി സ്വീകരിക്കേണ്ടത്. അല്ലാതെ ഇതെല്ലാം മെഡിക്കല്‍ ഓഫീസറുടെ ഉത്തരവാദിത്വമല്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ആശുപത്രി കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര. അത് പരിപാലിക്കാന്‍ വേണ്ട ജീവനക്കാര്‍ ഇവിടെ ഇല്ലെന്ന യാഥാര്‍ത്ഥ്യം എം.എല്‍.എ മനസ്സിലാക്കണം. ഒഴിവുകള്‍ നികത്താനുള്‌ല നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സംഘടന പറഞ്ഞു. 40 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുള്ളത്.
അതേസമയം ഡോക്ടര്‍മാരെ താന്‍ അപമാനിച്ചിട്ടില്ലെന്ന് എം.എല്‍.എ പറഞ്ഞു. ആശുപത്രിയിലെ വീഴ്ചയാണ് ചൂണ്ടിക്കാണിച്ചത്. വിഷയത്തില്‍ ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് എം.എല്‍.എ ഫണ്ടില്‍ നിന്ന് മൂന്ന് കോടി ചെലവിട്ട് നിര്‍മ്മിച്ച, ഉദ്ഘാടനത്തിന് ഒരുങ്ങുന്ന തലവൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ എം.എല്‍.എ മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസും ഫാര്‍മസിയും ഉള്‍പ്പടെയുള്ള ആശുപത്രി മുറികള്‍ വൃത്തയില്ലാതെ കിടക്കുന്നത് കണ്ട് എം.എല്‍.എ ഒടുവില്‍ ചൂലെടുത്ത് സ്വയം തൂത്ത് വരുകയായിരുന്നു.
Read more
വാങ്ങിക്കുന്ന ശമ്പളത്തോട് അല്‍പമെങ്കിലും കൂറ് കാണിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. താനിത് തൂത്ത് വാരുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും സ്റ്റാഫുകള്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പായി ആശുപത്രി വൃത്തിയാക്കി ഇല്ലെങ്കില്‍ എല്ലാവര്‍ക്കും നേരെ നടപടി എടുക്കുമെന്ന് ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.