സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി; നിര്‍ദ്ദേശവുമായി ഹൈക്കോടതി

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണത്തിനാണ് ഹൈക്കോടതി സമയപരിധി നിശ്ചയിച്ചത്. മാര്‍ച്ച് 31നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

മെയ് 19 വരെ സമയം അനുവദിക്കണമെന്ന സര്‍വകലാശാലയുടെ ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി ലഭിച്ചിരുന്നു.

സിദ്ധാര്‍ത്ഥന് മര്‍ദനമേറ്റ സംഭവത്തില്‍ ഇവരെ ഒരു വര്‍ഷത്തേക്ക് കോളേജില്‍ നിന്ന് പുറത്താക്കായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. 2023 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇവര്‍ക്ക് പഠനം തുടരാം.

അതേസമയം, പ്രതി പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളെയാണ് തിരികെ എടുത്തത്. സംഭവത്തില്‍ പ്രതികളായവര്‍ക്കും നേരിടാതെ തുടര്‍ പഠനത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. മണ്ണുത്തിയിലാണ് തുടര്‍ പഠനത്തിന് അനുമതി നല്‍കിയത്. ഇതിന് എതിരായ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്.

Read more

കഴിഞ്ഞ വര്‍ഷംഫെബ്രുവരി 18നായിരുന്നു ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്.