നടനും എംഎൽഎയുമായ മുകേഷ് രാജിവക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധം. യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു കോഴിയുമായി പ്രതിഷേധം. മുഖത്ത് മുകേഷിന്റെ ചിത്രം കെട്ടിവച്ചും രണ്ട് കോഴിയെ കയ്യിൽ പിടിച്ചും ഒരാളെ നടുവിൽ നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് എംഎൽഎ ഓഫീസിൻ്റെ സുരക്ഷ വർധിപ്പിച്ചു.
അതിനിടെ വിവാദം കനത്തതോടെ മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്ജ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചത്. അതേസമയം നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് അറിയിച്ചു.
ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്. മുകേഷിന്റെ രാജിക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്. അതേസമയം മുകേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. ഐപിസി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ, ഐപിസി 376 (1) ബലാൽസംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.