ജലഗതാഗത വകുപ്പും ഡിജിറ്റലാകുന്നു; ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ പുറത്തിറക്കാന്‍ പദ്ധതി

ജലഗതാഗത വകുപ്പും ഡിജിറ്റലാകുന്നു. ടിക്കറ്റിലാണ് ജലഗതാഗത വകുപ്പ് പരിഷ്‌കരണത്തിനൊരുങ്ങുന്നത്. വകുപ്പിന്റെ യാത്രാ ബോട്ടുകളിലെയും ടൂറിസം ബോട്ടുകളിലെയും ടിക്കറ്റുകളാണ് ഡിജിറ്റലാക്കുന്നത്. വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായും ഇനി മുതല്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡുണ്ടെങ്കില്‍ യാത്ര ചെയ്യാം. ഇതിനായി നിലവിലെ ടിക്കറ്റ് മെഷീന് പകരം 5ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയ്ഡ് സിസ്റ്റം കൊണ്ടുവരും. യാത്രക്കാര്‍ക്ക് ലഭിക്കുന്ന ക്യൂആര്‍ കോഡ് മെഷീനില്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. ആറ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം.

പദ്ധതിയ്ക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ടൂറിസം ബോട്ടുകളില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം ലക്ഷ്യം വച്ചത്. പിന്നീട് പദ്ധതിയില്‍ യാത്രാ ബോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ യാത്രാ ബോട്ടുകളില്‍ നിശ്ചിത എണ്ണം ടിക്കറ്റുകള്‍ ജെട്ടിയില്‍ നിന്ന് വാങ്ങാവുന്ന തരത്തില്‍ മാറ്റി വയ്ക്കും.