പ്രളയങ്ങൾ ഉണ്ടായിട്ടും സര്‍ക്കാര്‍ പഠിച്ചില്ല; റവന്യു പുറമ്പോക്കില്‍ ക്വാറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ചര്‍ച്ചയാകുന്നു

സംസ്ഥാനം രണ്ടു പ്രളയത്തില്‍ അകപ്പെട്ടിട്ടും പഠിക്കാതെ സര്‍ക്കാര്‍. പുതിയതായി പാറമടകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഇറക്കിയ ഉത്തരവാണ് പുറത്തുവന്നത്. റവന്യൂപുറമ്പോക്ക് ഭൂമിയില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ട് പോയാല്‍ ഉടന്‍ ക്വാറികള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍. 2021 ജൂലൈ 21നാണ് സംസ്ഥാന ലാന്‍ഡ് റവന്യു കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്ത് 2018ലും, 19ലും പ്രളയം ഉണ്ടായതില്‍ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തിന് പങ്കുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2018 മുതലിങ്ങോട്ട് പ്രവചനാതീതമാണ് കേരളത്തിന്റെ കാലാവസ്ഥ. കാലം തെറ്റി പെയ്യുന്ന മഴയും ലഘുമേഘ വിസ്ഫോടനങ്ങളമുണ്ടാക്കുന്ന ദുരന്തങ്ങളും മലയോരത്തെ മനുഷ്യജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തന്നെ ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ മുന്‍കൈ എടുത്തത് എന്നത് വിമര്‍ശനത്തിന് കാരണമാകുന്നത്. ഓരോ താലൂക്കിലേയും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ച് ഇത്തരത്തിലുള്ള ഭൂമി കണ്ടെത്താനുള്ള നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാദ്ധ്യതയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ടെങ്കിലും കേരളത്തിന്റെ മലയോരങ്ങളെല്ലാം ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചല്‍ ഭീഷണിയിലാണുള്ളത്.

സംസ്ഥാനത്താകെ ഇപ്പോള്‍ അയ്യായിരത്തിലധികം ക്വാറികളുള്ളതായാണ് കണക്ക്. ചെറുതും വലുതുമായ 5924 ക്വാറികളാണ് പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെയാണ് റവന്യൂ പുറമ്പോക്കില്‍ പുതിയ ക്വാറികള്‍ കണ്ടെത്തണമെന്ന് നിര്‍ദേശമുള്ളത്. ഇത്തരത്തില്‍ ഏകദേശം 2500 ഓളം സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് കട്ടിപ്പാറയിലും വയനാട് പുത്തുമലയിലും കവളപ്പാറയിലും ഒടുവില്‍ കക്കയാറിലും മുണ്ടക്കയത്തുമെല്ലാമുണ്ടായത് ലഘു മേഘ വിസ്ഫോടനമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇവിടങ്ങളിലെല്ലാം ചെറുതും വലുതുമായ ക്വാറികളും അനധികൃത നിര്‍മ്മാണങ്ങളുമുണ്ടെന്നതും ഗൗരവത്തില്‍ എടുക്കുന്നേയില്ല, സര്‍ക്കാരും ബന്ധപ്പെട്ടവരും.

Read more

ഹെക്ടറിന് വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപ നിരക്കില്‍ 12 വർഷത്തേക്കാണ് ക്വാറി നടത്താന്‍ അനുമതി നല്‍കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഹെക്ടറിന് താഴെയാണ് ഭൂമിയെങ്കില്‍ ഫീസ് നിശ്ചയിച്ച് ക്വാറി പെര്‍മിറ്റ് നല്‍കും. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍, റെഡ് സോണുകള്‍ എന്നിവിടങ്ങളിലൊന്നും സ്ഥലം കണ്ടെത്തേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈ വര്‍ഷം ഡിസംബര്‍ 15 ന് ഉള്ളില്‍ എന്‍.ഒ.സി നടപടി പൂര്‍ത്തിയാക്കണമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം.