ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ തീര്‍ത്ഥാടകരെ അനുവദിക്കരുതെന്ന തന്ത്രിയുടെ വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു രംഗത്തെത്തി. ശബരിമല ഉത്സവം നടത്താന്‍ തിയതി കുറിച്ചു തന്നത് തന്ത്രി മഹേഷ് മോഹനരെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത് തന്ത്രിയുമായി ആലോചിച്ചാണ്. ദേവസ്വം ബോര്‍ഡിന് പിടിവാശിയില്ലെന്നും വാസു പറഞ്ഞു.
രണ്ട് തന്ത്രിമാരുമായും സംസാരിച്ചിരുന്നു. ആരും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് തന്ത്രി മഹേഷ് മോഹനര് ചില സംശയങ്ങള്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ ഇതുവരെ തന്ത്രിയുടെ കത്ത് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തു നല്‍കിയിരുന്നത്. കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.
Read more
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാസപൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായി വരും. എന്നതിനാല്‍ തന്നെ ഉത്സവചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതിന് പുറമേ രോഗവ്യാപനത്തിന്റെ സാദ്ധ്യത കൂടി കണക്കിലെടുക്കണമെന്നും തന്ത്രി കത്തില്‍ പറയുന്നു.