സംസ്ഥാനത്തെ ക്ഷേത്രങ്ങളേയും വരുമാനത്തേയും സംബന്ധിച്ച് സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്ര നടത്തിയ പരാമര്‍ശത്തിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഇന്ദുമല്‍ഹോത്രയയുടെ പരാമര്‍ശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ ഒരു രൂപ പോലും എടുക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങള്‍ കൈയടക്കുന്നു എന്നും വരുമാനം ലക്ഷ്യമിടുന്നു എന്നും പറഞ്ഞത് അടിസ്ഥാന രഹിതമാണ്. അഞ്ച് ദേവസ്വം ബോര്‍ഡുകളാണ് സംസ്ഥാനത്ത് ഉള്ളത്, ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മാത്രമല്ല ക്ഷേത്രങ്ങളേയും ദേവസ്വം ബോര്‍ഡുകളേയും സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
കോവിഡ് കാലത്ത് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ 450 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അഞ്ച് ഇടത്താവളം ഉണ്ടാക്കാന്‍ 118 കോടി രൂപ കിഫ്ബി വഴി അനുവദിച്ചെന്നും മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
Read more
വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ വിവാദ പ്രസ്താവന. താനും യു.യു ലളിതും ചേര്‍ന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു.യു ലളിതും ഇന്ദുമല്‍ഹോത്രയും ചേര്‍ന്ന ബഞ്ചായിരുന്നു.