IPL 2025: കണ്ടു കണ്ടു കണ്ടില്ല, തൂക്കിയടി കണ്ട മത്സരത്തിൽ ചിരിപ്പിച്ച് ഇഷാൻ കിഷൻ; കോമഡി ആസ്വദിച്ച് കമ്മിൻസും സഹതാരങ്ങളും; വീഡിയോ വൈറൽ

സൺറൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നായകൻ ശ്രേയസ് അയ്യരുടെ 36 പന്തിൽ 82 ഉം പ്രഭ്സിമാരൻ സിങിന്റെ 23 പന്തിൽ 42 ന്റെയും പിൻബലത്തിൽ 245 എന്ന കൂറ്റൻ സ്കോർ രേഖപ്പെടുത്തിയ പഞ്ചാബ് ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ സീസമിലെ ആദ്യ മത്സരത്തിന് ശേഷം ട്രാക്കിൽ എത്താതിരുന്ന ഹൈദരാബാദിനായി ഓപ്പണർമാർ തിളങ്ങിയതോടെ അടിക്ക് തിരിച്ചടി അല്ല കൊന്ന് കൊലവിളിയാണ് പിന്നെ ആരാധകർ കണ്ടത്.

ഇന്ത്യയുടെ അടുത്ത സെൻസേഷൻ താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ആയിരുന്നു ഹൈദരാബാദ് മറുപടിയുടെ ഊർജം. 40 പന്തിൽ ആണ് താരം സീസണിലെ തന്റെ ആദ്യ സെഞ്ച്വറി അടിച്ചെടുത്തത്. 37 പന്തിൽ 66 റൺ എടുത്ത സഹഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ പിന്തുണയും നൽകിയതോടെ പഞ്ചാബ് ബോളർമാർക്ക് ഉത്തരമൊന്നും പറയാൻ ഇല്ലായിരുന്നു. എന്തായാലും അടിക്ക് തിരിച്ചടി കണ്ട മത്സരത്തിൽ ചിരിപ്പിച്ചത് ഇഷാൻ കിഷൻ ഭാഗമായ ഫീൽഡിങ്ങിലെ ഭാഗമാണ്.

രസകരമായ ഒരു നിമിഷത്തിൽ, ഫീൽഡ് ചെയ്യുന്നതിനിടെ സ്പോൺസർ മാറ്റിൽ കിടന്ന പന്ത് കാണാതെ ഇഷാൻ കിഷൻ അത് തപ്പുന്ന വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്പോൺസർ മാറ്റിനും പന്തിന്റെ അതേ നിറമായിരുന്നതിനാലാണ് ഇഷാന് പന്ത് കണ്ട് പിടിക്കാൻ പറ്റാതിരുന്നത്.

പിബികെഎസിന്റെ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലാണ് സംഭവം നടന്നത്. മുഹമ്മദ് ഷമി ഒരു ലെങ്ത് ബോൾ എറിഞ്ഞു, ഓപ്പണിംഗ് ബാറ്റർ പ്രഭ്‌സിമ്രാൻ സിംഗ് ഷോട്ട് കളിക്കുകയും ഇഷാൻ ഫീൽഡിങ്ങിൽ പന്ത് തടയുകയും ചെയ്തു. പക്ഷെ ശേഷം ആ പന്ത് കണ്ട് പിടിക്കാൻ ഇഷാന് ആയില്ല. ശേഷം കമ്മിൻസ് എത്തിയാണ് പന്ത് കണ്ട് പിടിച്ച് ത്രോ എറിഞ്ഞത്. എന്തായാലും പഞ്ചാബ് സിംഗിൾ മാത്രമാണ് ഇതിൽ നേടിയത്.