കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്നുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് മത്സരിക്കുന്നത്. പ്രചാരണത്തിനായി “ധർമ്മം ജയിക്കാന്‍ ധര്‍മ്മജന്‍” എന്നതാണ് മുദ്രാവാക്യമെന്നും അത് താന്‍ സ്വയം ഉണ്ടാക്കിയ മുദ്രാവാക്യം ആണെന്നും ധര്‍മ്മജന്‍ പറഞ്ഞു.
വെറുതെ പ്രാസം ഒപ്പിക്കാന്‍ അല്ല ഇത് പറയുന്നതെന്നും കേരളത്തില്‍ എല്ലായിടത്തും ഇപ്പോള്‍ അധര്‍മ്മമാണ് വിളയാടുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന ആളല്ല താന്‍ എന്നും സ്‌കൂള്‍ കാലം മുതൽ കോൺഗ്രസ് സംഘടനാ പ്രവര്‍ത്തനം നടത്തിയ ആളാണ് താനെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരും ഉണ്ടാകുമെന്നും രമേഷ് പിഷാരടി തീര്‍ച്ചയായും ഉണ്ടാകുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു.
ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ താത്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ അവസരം ലഭിച്ചാൽ തന്റെ ജനസേവനം കൂടുതൽ വിപുലമാക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞിരുന്നത്.
Read more
അതേസമയം ബാലുശേരിയില്‍ ധര്‍മ്മജന് സീറ്റ് നൽകുന്നതിന് എതിരെ ദളിത് കോണ്‍ഗ്രസും കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു. ധര്‍മ്മജനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് നിയോജക മണ്ഡലം കമ്മിറ്റി കത്ത് നല്‍കിയിരുന്നു.