സംസ്ഥാനത്ത് അപ്രായോഗിക കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിദഗ്‌ദ്ധ സമിതിയെ പരിഹസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുമ്പിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്‌ദ്ധ സമിതിയുടെ വൈദഗ്‌ദ്ധ്യം സമ്മതിച്ചേ പറ്റു എന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം ഇന്ന് മുതൽ മൂന്ന് വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശനം അനുവദിക്കുക; ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, 72 മണിക്കൂറിനിടെ എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ. ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ.
കുറിപ്പിന്റെ പൂർണരൂപം:
ഈ കോവിഡ് “വിദഗ്ധ സമിതി” അംഗങ്ങൾ ആരും “കോമൺ സെൻസ്” വാക്‌സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുമ്പിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്‌ദ്ധ സമിതിയുടെ വൈദഗ്‌ദ്ധ്യം സമ്മതിച്ചേ പറ്റു…