ഇരുമ്പഴിക്കുള്ളിലാക്കാന്‍ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തി; എ.ഡി.ജി.പി, ബി. സന്ധ്യയ്‌ക്ക് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി ദിലീപ്

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുമ്പോള്‍ എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ്. തന്നെ ഇരുമ്പഴിയ്ക്കുള്ളിലാക്കാന്‍ ലക്ഷ്യമിട്ട് സന്ധ്യ മറ്റ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചനനടത്തിയെന്നും ആലുവ സ്‌റ്റേഷന്‍ പരിധിയിലാണ് ഗൂഢാലോചന നടന്നതെങ്കില്‍ വിവരങ്ങള്‍ സന്ധ്യയ്ക്ക് കൈമാറിയതെന്തിനെന്നും ദിലീപ് കോടതിയില്‍ വാദമുന്നയിച്ചു.

അനിയനും അളിയനുമൊപ്പം ഇരിക്കുമ്പോള്‍ വീട്ടില്‍ പറഞ്ഞ കാര്യം ഗൂഢാലോചനയുടെ പരിധിയില്‍ എങ്ങനെ വരുമെന്നും റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ബാലചന്ദ്രകുമാറിന്റെ ടാബ് എവിടെയെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു.

താനാര്‍ക്കുമെതിരെ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും എന്നാല്‍ മറിച്ച് തനിക്കെതിരെയാണ് അത് സംഭവിച്ചതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഒരു അന്വേഷണ ഉദ്യോഗസ്ഥനും തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. പുറത്ത്വന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണ്. കേസിന്റെ അടിസ്ഥാനം അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തനിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി. കേസിന്റെ അടിസ്ഥാനം അന്വേഷണ ഉദ്യോഗസ്ഥരുടെ കത്ത് മാത്രമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ആരോപണങ്ങള്‍ വളരെ ദുര്‍ബലമാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴി വ്യാജമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Read more

കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ്രൈകംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.