പാർട്ടി സംഘടനാ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് നിലപാടറിയിച്ച് സിപിഐഎം. ദിവ്യയ്ക്ക് പകരമായി ഇന്നത്തെ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഷബ്‌നയാണ് പങ്കെടുക്കുന്നത്. കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പി പി ദിവ്യക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിപിഐഎം തീരുമാനം.
ഇന്ന് നടക്കുന്ന വേശാല ലോക്കല്‍ സമ്മേളനത്തിന്റെ ഉദ്ഘാടകയായും സമ്മേളനം നിയന്ത്രിക്കുന്ന ജില്ലാ കമ്മിറ്റി പ്രതിനിധിയായും പിപി ദിവ്യയെയായിരുന്നു നിശ്ചയിച്ചത്. ഇനിയുള്ള സമ്മേളനങ്ങളില്‍ നിന്നും ദിവ്യയെ മാറ്റി പകരം മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കാനാണ് പാര്‍ട്ടി തീരുമാനം. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണത്തെ നേരിടുന്ന ഘട്ടത്തില്‍ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പങ്കെടുക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണവുമായി താന്‍ സഹകരിക്കുമെന്ന് പി.പി.ദിവ്യ പറഞ്ഞിരുന്നു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു.
യാത്രയയപ്പ് സമ്മേളനത്തിൽ പി പി ദിവ്യ അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. കണ്ണൂർ എഡിഎം ആയ നവീൻ ബാബുവിന് ഇന്നലെ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. യാത്രയയപ്പ് സമ്മേളനത്തിൽ കളക്ടർ അരുൺ കെ വിജയൻറെ സാന്നിധ്യത്തിലായിരുന്നു ദിവ്യ ആരോപണം നടത്തിയത്. യാതൊരുവിധ തെളിവുകളും ഇല്ലാതെ പൊതുമധ്യത്തിൽ വെച്ചായിരുന്നു എഡിഎമ്മിനെതിരെയുള്ള ആക്ഷേപങ്ങൾ.