രേഖകൾ ഹാജരാക്കിയില്ല, പല ചോദ്യങ്ങൾക്കും ഉത്തരമില്ല; സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൊബൈൽ‌ അടക്കമുള്ള പൊലീസ് ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ല. ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. പൊലീസിന്റെ ചോദ്യങ്ങൾ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ല എന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യേണ്ടെന്നും കോടതിയിൽ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയത്. ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഈ മാസം 22ന് സുപ്രീംകോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരി​ഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.

അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ ന‌ടി പറഞ്ഞത്.