അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്റെ സിനിമയില്‍ അഭിനയിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹോളിവുഡ് സംവിധായകന്‍ ക്രിസ് കൊളംബസ്. ‘എലോണ്‍ 2: ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക്’ എന്ന ചിത്രത്തില്‍ ട്രംപിനെ അഭിനയിപ്പിച്ചതിന്റെ ശാപം കഷ്ടതയുണ്ടാക്കി എന്നാണ് ക്രിസ് കൊളംബസ് പറയുന്നത്.
ഹോം എലോണ്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് 1992-ല്‍ പുറത്തിറങ്ങിയ ഹോം എലോണ്‍ 2. ചിത്രത്തില്‍ ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗത്തിലാണ് ട്രംപ് പ്രത്യക്ഷപ്പെട്ടത്. സിനിമയിലെ പ്രധാന കഥാപാത്രമായ മെക്കാളെ കല്‍ക്കിന്‍സ് അവതരിപ്പിക്കുന്ന കെവിന്‍ ട്രംപിനോട് വഴി ചോദിക്കുന്നതും അതിന് അദ്ദേഹം മറുപടി നല്‍കുന്നതുമാണ് രംഗം.
”ഇതൊരു ശാപമായി മാറിയിരിക്കുന്നു. ഒരിക്കലും ഇല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു. അത് ഇല്ലാതായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഈ രംഗം പിന്നീട് കട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. നാടുകടത്തപ്പെടുമോ എന്ന ഭയം കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്” എന്നാണ് ക്രിസ് കൊളംബസ് സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, നേരത്തെ 2023ലും ട്രംപിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ട്രംപ് തന്നെ ഭീഷണിപ്പെടുത്തിയാണ് സിനിമയില്‍ അഭിനയിച്ചത് എന്നായിരുന്നു ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ് കൊളംബസ് പറഞ്ഞത്.