ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി; കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതെന്ന് ഹൈക്കോടതി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി. പൊലീസിന്‍റെ കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയാണ് ഹൈകോടതിയുടെ നടപടി. ഹർജി തളളിയതോടെ കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്തതും അസാധുവായി. അതേസമയം പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടിയാണ് ഇനിയുള്ളത്.

കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതി സന്ദീപിന്റെ ആവശ്യം. കേസിൽ സന്ദീപിനെതിരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സന്ദീപിന്‍റെ ഹർജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയില്‍ അപ്പീൽ നല്‍കിയത്.

കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന ദാസ് മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ് ഡോ.വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്നു പ്രതി.

Read more