'കരട് നിർദ്ദേശങ്ങൾ സമർപ്പിക്കണം'; ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇത് ക്രോഡീകരിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിച്ചു. അതേസമയം ഹർജികൾ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

നിയമ നിർമാണത്തിന്‍റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സർക്കാരിന് കൈമാറാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും സർക്കാർ സമർപ്പിച്ചു. പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് പരി​ഗണിച്ചത്.

അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31 ന് മുതല്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയെന്നും കോടതി പറഞ്ഞു. 26 എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ കമ്മിറ്റിക്ക് മൊഴി നൽകിയ 5 പേർ പൊലീസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങൾ പറഞ്ഞതുപോലെയല്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വന്നതെന്ന് മൂന്ന് പേർ പറഞ്ഞതായും എജി അറിയിച്ചു.