ലഹരിക്കേസ് പ്രതിയുടെ സ്റ്റേഷനിലെ വീഡിയോ ചിത്രീകരണം: വിജിലന്‍സ് അന്വേഷിക്കും, മുഖംനോക്കാതെ നടപടിയെന്ന് എക്‌സൈസ് മന്ത്രി

ലഹരിക്കേസില്‍ പ്രതിയുടെ സ്റ്റേഷനിലെ വീഡിയോ പുറത്തുവന്നതില്‍ അന്വേഷണം. എക്‌സൈസ് വിജിലന്‍സ് എസ്.പി സംഭവം അന്വേഷിക്കും. കൊച്ചിയില്‍ എക്‌സൈസ് കസ്റ്റഡിയിലിരുന്ന വ്‌ളോഗറുടെ വീഡിയോയാണ് ചിത്രീകരിച്ചത്.

കഞ്ചാവിന്റെ മേന്മയെ കുറിച്ച് പറയാന്‍ പ്രതിക്ക് അവസരം ഒരുങ്ങിയത് എങ്ങനെയെന്ന് അന്വേഷിക്കും. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റിലായത്. മട്ടാഞ്ചേരി സ്വദേശി പുത്തന്‍ പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

Read more

ഫ്രാന്‍സിസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.