മാസപ്പടി കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി; എസ്എഫ്ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കുരുക്ക് മുറുകുകയാണ് ഇ ഡി. വീണയെ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. ഇതിന്റെ ഭാഗമായി എസ്എഫ്‌ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണക്ക് സമന്‍സ് നല്‍കും. ഒരു മാസത്തിനകം ചോദ്യം ചെയ്യുമെന്നാണ് സൂചന.

2024 മാര്‍ച്ചില്‍ വീണാ വിജയനെതിരെ ഇഡി ഇ സി ഐ ആർ രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. അതിനാല്‍ തന്നെ ഇ ഡിക്ക് ഇനി വിഷയത്തില്‍ ഒരു ഇ സി ഐ ആർ രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. തുടര്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ മതി. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതിനാല്‍ കൃത്യമായ രേഖകളും മറ്റും ഹാജരാകേണ്ടി വരും.

അതിനിടെ എസ്എഫ്ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടരയോടെയായിരിക്കും ഹർജികളിൽ വാദം കേൾക്കുക. ഹർജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരാകും. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.