ദുരന്തമുഖത്തെ തിരച്ചിലിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി; എയര്‍ലിഫ്റ്റ് ചെയ്ത് കോസ്റ്റ് ഗാര്‍ഡ്

ദുരന്തമുഖത്തെ തിരച്ചിലിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി. നിലമ്പൂർ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിൻ എന്നിവരാണ് കുടുങ്ങിയത്. യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപെടുത്തിയത്.

മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കളാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത്. ഇന്നലെയാണ് മൂവരും രക്ഷാപ്രവർത്തനത്തിനായി സൂചിപ്പാറ മേഖലയിലേക്ക് പോയത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃദദേഹങ്ങൾ ചാലിയാർ പുഴയിൽ കണ്ടെത്തിയ സാഹചര്യത്തിൽ തിരച്ചിൽ നടത്താനായിരുന്നു യുവാക്കളുടെ ശ്രമം. അതിനിടയിൽ പുഴയിലെ കൊത്തൊഴുക്കിനിടയിൽ പെട്ടുപോവുകയായിരുന്നു മൂവരും.

യുവാക്കൾ കുടുങ്ങിയത് ശക്തമായ കുത്തൊഴുക്ക് ഉള്ള ഇടത്തായിരുന്നു. പ്രദേശത്ത് മൂടല്‍മഞ്ഞും മഴയും നിലനിന്നിരുന്നതിനാൽ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുന്നത് ദുഷ്കരമായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ മൂവരെയും രക്ഷപെടുത്തുകയായിരുന്നു. മൂന്ന് പേരും സുരക്ഷിതരാണ്. ഒരാള്‍ക്ക് പരിക്കുണ്ട്. ഇയാൾക്ക് പ്രാഥമിക ചികിത്സ നല്‍കി.