'അവർ പരേതർ'; മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ ഒഴിവാക്കി വോട്ടർപട്ടിക, പ്രതിഷേധം ശക്തം

കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിൽ ജീവിച്ചിരിക്കുന്ന 14 വോട്ടര്‍മാരെ ഒഴിവാക്കി വോട്ടർ പട്ടിക. മരിച്ചുവെന്ന കാരണം കാട്ടിയാണ് ഒഴിവാക്കിയത്. മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ ഒഴിവാക്കിയാണ് വോട്ടർപട്ടിക. വോട്ടര്‍പട്ടികയില്‍ എത്രയും വേഗം പേര് പുനസ്ഥാപിക്കണമെന്നാണ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ആവശ്യം.

വെസ്റ്റ് എളേരി പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ വോട്ടര്‍മാർ ശക്തമായ പ്രതിഷേധത്തിലാണ്. തങ്ങളെല്ലാം മരിച്ചുവെന്ന് കാരണം പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ലിസ്റ്റിൽ ഉൾപ്പെട്ട മാത്യൂ ചാക്കോ പറഞ്ഞു. ലിസ്റ്റില്‍ നിന്ന് ഞങ്ങളെ നീക്കിയിരിക്കുകയാണിപ്പോഴെന്നും മാത്യു ചാക്കോ കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും നീക്കപ്പെട്ടവരെല്ലാം യുഡിഎഫ് അനുഭാവികളാണെന്നുമാണ് ഇവരുടെ ആരോപണം. വോട്ടുചെയ്യാനുള്ള അവകാശം നിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

Read more

മരിച്ചവരെ നീക്കുന്നതിന് പകരം അവരുടെ ബന്ധുക്കളായ ജീവിച്ചിരിക്കുന്ന 14 പേരെ നീക്കുകയായിരുന്നു. മരിച്ച അമ്മയെ നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയപ്പോള്‍ മകനെ ആണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഭര്‍ത്താവിന് പകരം നീക്കിയത് ഭാര്യയുടെ പേരും. പിതാവിന് പകരം മകനെയും വോട്ടര്‍ പട്ടികയിൽ നിന്ന് തെറ്റായി നീക്കം ചെയ്തിട്ടുണ്ട്. അതേസമയം വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയയിലെ ഗുരുതര പിഴവിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുഡിഎഫ്.