ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു, ഒരു ഭീകരനെ കൂടി വധിച്ചു

ജമ്മുകശ്മീരിലെ കത്വയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ വീരമൃത്യു വരിച്ചു. താരിഖ് അൻവർ,ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പൊലീസുകാരാണ് മരിച്ചത്. അതേസമയം അഞ്ച് സുരക്ഷാസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

വെടിവെയ്പ്പിൽ രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചു. ഇതോടെ മരിച്ച ഭീകകരുടെ എണ്ണം മൂന്നായി. ഞായറാഴ്ച ജില്ലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ അതേ സംഘത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭീകരർ എന്നാണ് നിഗമനം. ആറോളം ഭീകരർ ഉൾപ്പെട്ട ഈ സംഘം പാകിസ്ഥാനിൽ നിന്ന് കടന്നതായാണ് സംശയിക്കുന്നത്. ഇനിയും തീവ്രവാദികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

നാല് ദിവസം മുമ്പാണ് കത്വയിലെ ഹീരാനഗറില്‍ ഗ്രാമീണര്‍ താമസിക്കുന്ന മേഖലയിലേക്ക് ഭീകരര്‍ എത്തിയത്. തിരച്ചില്‍ നടന്നെങ്കിലും ഇവര്‍ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇന്ന് രാവിലെ പ്രദേശത്ത് നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ ഭീകരരുടെ സാന്നിധ്യം കാണുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. നിലവില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. വനമേഖലയില്‍ ഒളിവിലുള്ള നാല് ഭീകരര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ജമ്മു-പത്താന്‍കോട്ട് ദേശീയ പാതയില്‍ ഉള്‍പ്പടെ ഹൈ അലര്‍ട്ടാണ് നിലവിലുള്ളത്.