പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിക്കുന്നു; ഇനി മുതല്‍ ഉദ്യോഗസ്ഥനില്ല, സേനാംഗം

പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തി. പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലാണ് മാറ്റം. പ്രതിജ്ഞാവാചകത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്ക് ഒഴിവാക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം.

പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള പാസിംഗ് ഔട്ട് പരേഡില്‍ ചൊല്ലുന്ന പ്രതിജ്ഞാവാചകത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്കിന് പകരം ഇനിമുതല്‍ സേനാംഗം എന്നായിരിക്കും ഉപയോഗിക്കുക. ഉദ്യോഗസ്ഥന്‍ എന്നത് പുരുഷന്മാര്‍ മാത്രം സേനയിലുള്ള കാലത്ത് വന്ന വാക്കാണ്.

സേനയില്‍ വനിതകളുള്ളതിനാല്‍ അത് വിവേചനമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വാക്ക് മാറ്റാന്‍ തീരുമാനമായത്. ആഭ്യന്തര വകുപ്പിനുവേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മനോജ് എബ്രഹാമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുമെന്ന് സര്‍വ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു’ എന്നതായിരുന്നു പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകം. ഇത് ഒരു പൊലീസ് സേനാംഗമെന്ന നിലയില്‍ എന്നാണ് മാറ്റിയത്.