മുഖ്യമന്ത്രി പിണറായി വിജയൻ പകരം വെക്കാനില്ലാത്ത ചരിത്രപുരുഷനാണെന്ന് മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതോ അദ്ദേഹം ചെയ്ത കാര്യങ്ങളെ പാട്ടിൻ്റെ രൂപത്തിൽ അവതരിപ്പിക്കുന്നതോ തെറ്റാണെന്ന് കരുതാനാകില്ലെന്നും ഇപി ഫേസ്ബുക്കിൽ കുറിച്ചു.
പല പ്രതിസന്ധിഘട്ടത്തിലും കേരളത്തിലെ ജനങ്ങളെ കൈവിടാതെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ ആർക്കും തള്ളിപ്പറയാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്‌സ് പക്ഷിയെപോലെ ഉയർന്നുവന്നവനെന്ന് ആരെങ്കിലും വിലയിരുത്തിയാൽ തെറ്റുപറയാനാവില്ല. ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ ഏതെല്ലാം നിലയിൽ അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. ഇന്നും അത് നടന്നുകൊണ്ടിരിക്കുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് പിണറായി വിജയൻ കേരളത്തെ നയിക്കുന്നതെന്നും ഇപി പോസ്റ്റിൽ പറയുന്നു.
ഇപി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗാനം തയ്യാറാക്കി എന്നതാണ് ഇടതുവിരുദ്ധരുടെ പുതിയ പ്രശ്നം. മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ കേരള രാഷ്ട്രീയ രംഗത്ത് പകരം വെക്കാനില്ലാത്ത ചരിത്ര പുരുഷനാണ്. എല്ലാതരം വേട്ടയാടലുകൾക്കും സോഷ്യൽ ഓഡിറ്റിംഗിനും വിധേയനായി രണ്ട് തവണ തുടർച്ചയായി കേരളത്തിന്റെ ഭരണ സാരഥ്യം അദ്ദേഹത്തിന്റെ കൈകളിൽ ഏല്പിച്ചത് ജനങ്ങളാണ്. കേരള സമൂഹം അനുഭവിച്ച എല്ലാ പ്രതിസന്ധികളിലും ജനങ്ങളെ ചേർത്ത് നിറുത്തി ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ലോകശ്രദ്ധയാകർഷിക്കുന്ന തരത്തിൽ തീരുമാനങ്ങൾ എടുത്ത് അവ നടപ്പാക്കിയ ഭരണകൂടത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതോ അദ്ദേഹം ചെയ്ത കാര്യങ്ങളെ പാട്ടിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതോ തെറ്റാണെന്ന് കരുതാനാകില്ല. ഇടതുപക്ഷ നയം കേരളത്തിൽ നടപ്പാക്കി നാടിനെ ലോകരാജ്യങ്ങൾക്കൊപ്പം കിടപിടിക്കുന്ന തരത്തിൽ കഴിഞ്ഞ എട്ടു വർഷക്കാലത്തിൽ വളർത്തിയെടുക്കുക എന്നത് ചെറിയ കാര്യമായി കാണാനാകില്ല. ആ പാഠവം അനുകരണീയവും അഭിനന്ദനാർഹവുമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയുമില്ല.
പ്രളയ സമയത്തും കോവിഡ് സമയത്തും, വയനാട്ടിലെ ഉരുൾപൊട്ടലിന്റെ സമയത്തുമെല്ലാം ജനങ്ങളെ കൈവിടാതെ എല്ലാവരേയും ഒത്തൊരുമിപ്പിച്ച് എല്ലാ സർക്കാർ സംവിധാനങ്ങളേയും ഏകോപിപ്പിച്ച് നടപ്പാക്കിയ കാര്യങ്ങളും, അതിനായി മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രിയേയും ജനങ്ങൾ രക്ഷകനായി കാണുന്നതിനും ക്യാപ്റ്റനായി കാണുന്നതിനും തെറ്റ്പറയാനാകുമോ. അദ്ദേഹത്തെ ക്രൈസിസ് മാനേജർ എന്ന് വിളിച്ചത് പാർട്ടിയോ സംഘടനകളോ അല്ല. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട പത്രമാണ് എന്ന് ആരും മറന്ന് പോകരുത്.
മുഴുവൻ വലതുപക്ഷ പിന്തിരിപ്പൻ വർഗീയ ശക്തികളുടേയും ഇടതുപക്ഷ സിപിഐഎം വിരുദ്ധത ബാധിച്ച കോർപ്പറേറ്റ് മാധ്യമ സിന്റിക്കേറ്റിന്റേയും ആക്രമണങ്ങളെ അതിജീവിച്ചാണ് സഖാവ് പിണറായി വിജയനെ ജനങ്ങൾ രണ്ടാമതും മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തത്. ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ ഏതെല്ലാം നിലയിൽ അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. ഇന്നും അത് നടന്നുകൊണ്ടിരിക്കുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്ന് വന്നത് എന്ന് ജീവനക്കാരുടെ ഒരു വലിയ സമൂഹം വിലയിരുത്തിയാലും വിശേഷിപ്പിച്ചാലും അവരെ തെറ്റ് പറയാൻ കഴിയില്ല.
ഈ നാട്ടിലെ സകല മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടെയും വേട്ടയാടലുകൾക്ക് നടുവിലും ഈ സംസ്ഥാനത്ത് സഖാവ് പിണറായി വിജയനും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ തുടർച്ചയായ രണ്ട് ഇടതുപക്ഷ ഗവൺമെന്റുകളും നടപ്പാക്കിയ വികസനങ്ങളെ തള്ളിക്കളയാനാകുമോ? സാമ്പത്തികമായി ഞെരുക്കി കേന്ദ്രം കേരളത്തിനെതിരെ പോര് തുടരുമ്പോഴും ഈ നാട്ടിലെ വികസനപ്രവർത്തനങ്ങൾ എല്ലാ മേഖലയിലും നമുക്ക് തൊട്ടറിയാനാകുന്നില്ലേ.. പ്രകടമായ മാറ്റങ്ങൾ എല്ലാ രംഗത്തും കാണാനാകുന്നത് ഒരു നയവും ആ നയത്തിനനുസരിച്ച് നയിക്കാൻ ആളുകൾ ഉള്ളതുകൊണ്ടും അതിനൊരു നേതാവും ഉള്ളതുകൊണ്ടാണ്. പ്രളയകാലം തുടങ്ങി കോവിഡിലും ഉരുൾപൊട്ടലിലും രക്ഷകനായ, എല്ലാ പ്രതിസന്ധികളേയും നേരിട്ട്, ക്രൈസിസ് മാനേജ് ചെയ്ത, എല്ലാ വേട്ടയാടലുകൾക്ക് ശേഷവും കുരിശിലേറ്റലുകൾക്ക് ശേഷവും ഉയിർത്തെഴുന്നേറ്റ് വന്ന ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ കഴിവുകൾ വെച്ച് പ്രശംസിക്കുമ്പോൾ അതിൽ അസഹിഷ്ണുതരാവേണ്ട കാര്യമില്ല.
ലോകത്ത് എല്ലാ കാലത്തും അതാത് കാലത്തെ സമൂഹത്തിലെ നേതൃത്വത്തെ പ്രശംസിച്ച് പാട്ട് ഉൾപ്പടെയുള്ള കലാ സാഹിത്യ രൂപങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലൊന്നും ഇടത് സിപിഐഎം വിരുദ്ധത ബാധിച്ച മാധ്യമങ്ങളുടെ വിചാരണയും തിരുത്തൽ പ്രഖ്യാപനങ്ങളൊന്നും ഈ പാർട്ടിക്ക് ആവശ്യമില്ല. വലത് വർഗീയ ശക്തികൾക്ക് വേണ്ടി മുഖ്യമന്ത്രിയ്ക്കെതിരെയുള്ള പൊള്ളയായ വേട്ടയാടലുകൾ മാധ്യമ ധർമ്മത്തിന് യോജിച്ചതല്ല.
ഒരു ആത്മ പ്രശംസയുo ഇഷ്ടപ്പെടുന്ന നേതാവല്ല സഖാവ് പിണറായി വിജയൻ. ചെയ്ത കാര്യങ്ങൾ പാടുന്നതും പറയന്നതും നന്ദി പറയുന്നതുമെല്ലാം നല്ല മനുഷ്യരുടെ ലക്ഷണമാണ്. കേരള ജനതയുട അംഗീകാരം കണ്ട് വിറളി പൂണ്ടവരുടെ ജല്പനങ്ങളും നിരാശാ വാദികളുടെ കരച്ചിലും ജനങ്ങൾ തിരിച്ചറിയും.