രാജീവ് ചന്ദ്രശേഖര്‍ വരുന്നത് കെ സുരേന്ദ്രന്‍ കൊള്ളരുതാത്തതുകൊണ്ട്; ബിജെപിയെ രക്ഷപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് ഇപി ജയരാജന്‍

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ കൊള്ളരുതാത്തതു കൊണ്ട് ബിജെപി ഒഴിവാക്കിയതെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. ബിജെപിയെ രക്ഷപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ പ്രഖ്യാപിച്ചതില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

പ്രത്യേക കാലഘട്ടങ്ങളില്‍ ബിജെപി ഉയര്‍ന്ന് വന്നിട്ടുണ്ടാകാം. എന്നാല്‍ അതുപോലെ തന്നെ തകര്‍ച്ചയും നാശവും ഉണ്ടാകും. സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ആളല്ല രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖര്‍ വന്ന് പ്രവര്‍ത്തിക്കട്ടെ. അപ്പോള്‍ നിലപാട് മനസിലാക്കാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ വാര്‍ത്തകള്‍ കെ സുരേന്ദ്രന്‍ പ്രസിഡന്റ് ആകും എന്നായിരുന്നു. അധ്യക്ഷ സ്ഥാനത്തിനായി പലരും കുപ്പായം ഇട്ടു നടന്നവരാണ്. ബിജെപിക്ക് അകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയുടെ തലപ്പത്തുള്ളവരെല്ലാം മുതലാളിമാര്‍ അല്ലെയെന്നും ഇപി ചോദിച്ചു.