എല്ലാ സ്ഥലത്തും ഒരു പരിഹാസപാത്രമായി മാറുകയാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നാളെ ഉച്ചയ്ക്ക് ബസ് സ്റ്റാൻഡ് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി തന്നെ പ്രശ്നം പരിഹരിക്കുമെന്നും എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ടി ജെ വിനോദ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച പ്രശ്നത്തിൽ മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം കെഎസ്ആർടിസി ബസ്റ്റാനുമായി ബന്ധപ്പെട്ടുള്ള ശോചനീയാവസ്ഥയെ സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു ടി ജെ വിനോദ് എംഎൽഎ. ഒരു മഴ പെയ്താൽ സ്റ്റാൻഡിനകത്ത് യാത്രക്കാർക്ക് നിൽക്കാൻ പോലും കഴിയാത്ത അത്ര ശോചനീയാവസ്ഥയാണ് സ്റ്റാൻഡിനകത്തുള്ളതെന്നും എംഎൽഎ പറഞ്ഞു. ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണണമെന്നായിരുന്നു ടി ജെ വിനോദിന്റെ ആവശ്യം.
ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്നും ബസ്സ്റ്റാൻഡ് മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരും ഐഐടി എഞ്ചിനീയർമാരും ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളിലും എല്ലായിടത്തും പരിഹാസമാകുകയാണ് എറണാകുളം ബസ് സ്റ്റാൻഡ്. അതിന്റെ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചുവെന്നും എംഎൽഎ ഫണ്ട് ആവശ്യമാണെങ്കിൽ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.