ഏകീകൃത കുര്‍ബാന അംഗീകരിക്കാത്ത ഇടവകകള്‍ അടച്ചുപൂട്ടും; വൈദികരെ പുറത്താക്കും; മാര്‍പ്പാപ്പയെ അനുസരിക്കാത്തവര്‍ സഭയ്ക്ക് പുറത്ത്; നയം വ്യക്തമാക്കി വത്തിക്കാന്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് വത്തിക്കാന്‍ പ്രതിനിധി. വിമതര്‍ മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുക അതല്ലെങ്കില്‍ സിറോ മലബാര്‍ സഭയ്ക്ക് പുറത്തേക്ക് പോകുവാന്‍ തയാറായിരിക്കുകയെന്ന് ആര്‍ച് ബിഷപ്പ് സിറില്‍ വാസ് താക്കീത് ചെയ്തു.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കത്തോലിക്കാ സഭയില്‍ തുടരണമെങ്കില്‍ പൂര്‍ണമായും മാര്‍പാപ്പയുടെ ഉത്തരവ് അനുസരിക്കേണ്ടിവരുമെന്നും അദേഹം വ്യക്തമാക്കി. കാതോലിക്കാസഭയില്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അന്തിമമായിരിക്കെ അതിനെ വെല്ലുവിളിച്ചു തുടരനാണ് നിലപാടെങ്കില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വലിയ വില നല്‍കേണ്ടി വരും. ക്രിസ്മസ് ദിനത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കാത്ത ഇടവകകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശമാകും വത്തിക്കാന്‍ സ്വീകരിക്കുക. വൈദികര്‍ക്കും ഇത് ബാധകമാകുമെന്നും സിറില്‍ വാസ് വ്യക്തമാക്കി.

കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ സെന്റ്‌മേരീസ് ബസലിക്കയിലുണ്ടായ അതിക്രമങ്ങളില്‍ വിമത വിഭാഗത്തിലെ ചില വൈദികര്‍ക്കെതിരെ നടപടിക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. ഇത് സംബന്ധിച്ചുള്ള അച്ചടക്ക നടപടി വത്തിക്കാന്‍ അനുമതിയോടെ സിറില്‍ വാസ് നടപ്പാക്കും.

23 ന് ആര്‍ച് ബിഷപ്പ് സിറില്‍ വാസ് മടങ്ങും. അതിരൂപതയിലെ സ്ഥിതിഗതികള്‍ ഒരാഴ്ചയ്ക്ക് ശേഷം വത്തിക്കാനില്‍ എത്തി ആര്‍ച് ബിഷപ്പ് സിറില്‍ വാസ് മാര്‍പാപ്പയെ ധരിപ്പിക്കും. അതിനിടെ കത്തോലിക്കാ സഭയില്‍ മാര്‍പാപ്പയാണ് അവസാന വാക്ക് എന്ന് ഓര്‍മിപ്പിച് അപ്പോസ്റ്റലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞ ആര്‍ച് ബിഷപ്പ് ആന്‍ഡ്‌റൂസ് താഴത്ത് വീണ്ടും രംഗത്തെത്തുകയും ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഉടലെടുത്ത ആരാധനാക്രമം സംബന്ധിച്ച തര്‍ക്കങ്ങള്‍ ക്രിസ്മസ് ദിനങ്ങളില്‍ അവസാനിച്ചില്ലെങ്കില്‍ വത്തിക്കാനില്‍നിന്ന് കടുത്ത നടപടികള്‍ ഉണ്ടായേക്കും. ജനുവരിയില്‍ നടക്കുന്ന സിനഡിന് മുമ്പ് തന്നെ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ അത്തരം നടപടികള്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്.