പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സി.പി.എം പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ചു ചേര്‍ക്കും.

അതേസമയം, വെല്ലുവിളിയും ഭീഷണിപ്പെടുത്തലും പി.കെ ശ്യാമളയുടെ ഭാഗത്തു നിന്നുണ്ടായെന്നാണ് സാജന്റെ കുടുംബം പറയുന്നത്. വിഷയത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അദ്ധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതും തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും സാജന്റെ ഭാര്യയും പിതാവും ആരോപിച്ചു. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ” എന്നു വെല്ലുവിളിച്ചു. “ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല” എന്നും അവര്‍ ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം. വി ഗോവിന്ദന്റെ ഭാര്യയും കൂടിയാണ് പി. കെ ശ്യാമള. നഗരസഭ ഭരണസമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിച്ചതിന് പിന്നിലുണ്ടെന്നും സാജന്റെ കുടുംബം പറയുന്നു.15 കോടി മുടക്കി നിര്‍മ്മിച്ച പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇനി ഒരിക്കലും തുറക്കാനാവില്ലെന്ന കടുത്ത മാനസിക വിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് ഉറപ്പിച്ചു പറയുകയാണ് ഭാര്യ ബീന. സാജന്റെ മരണം വിവാദമായ സാഹചര്യത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണിനെതിരെ വലിയ ആരോപണങ്ങളുമായി നിരവധി പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്. ആന്തൂരിലെ ശുചീകരണ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി ശ്യാമളയാണെന്നാണ് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിക്കുന്നത്.

കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്‌സണ്‍ ഉപദേശിച്ചെന്നും ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ പറയുന്നു. ഇവരും സിപിഎം അനുഭാവിയായ സംരംഭകയാണ്. പത്തു ലക്ഷം ആയിരുന്നു മുതല്‍മുടക്ക്. ഇത് നാല്‍പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ശ്യാമളയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടീസ് ലഭിക്കുകയായിരുന്നു. പ്രവര്‍ത്തനം തുടരാനുള്ള അനുമതിക്കായി കയറിയിറങ്ങിയിട്ടും രക്ഷയുണ്ടായില്ല.

Read more

ഇത്രയധികം ബുദ്ധിമുട്ടിക്കാനെന്താണ് കാരണമെന്ന് മറ്റുള്ളവര്‍ വഴി രഹസ്യമായി അന്വേഷണം നടത്തിയപ്പോള്‍ സോഹിതക്ക് അഹങ്കാരമാണെന്ന് നഗരസഭ അദ്ധ്യക്ഷ പറഞ്ഞുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും ഇവര്‍ ആരോപിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ മൂലമാണ് പിന്നീട് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്ക് മാറ്റാന്‍ കഴിഞ്ഞതെന്നും ഇവര്‍ പറയുന്നുണ്ട്. അതിന് സി.പി.എം നേതൃത്വത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട് ഇവര്‍. ഗുരുതര ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് നഗരാസൂത്രണ കമ്മീഷന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴാണ് ശ്യാമള ഇങ്ങനെ നിലപാടെടുത്തത് എന്നതാണ് ശ്രദ്ധേയം.നഗരസഭ അദ്ധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമാണ് പി. കെ ശ്യാമള. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന നഗരസഭയാണ് ആന്തൂര്‍.