പത്തനാപുരത്തുനിന്ന് ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി. ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ജലാറ്റിൻ സ്റ്റിക്ക് ആർക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. സ്‌ഫോടക വസ്തുക്കൾ മൂന്നാഴ്ച മുമ്പാണ് ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രദേശത്തുനിന്ന് കണ്ടെത്തിയ ഡിറ്റണേറ്റർ സ്ഫോടക ശേഷി ഇല്ലാത്തതാണ്. ബോംബ് നിർമ്മാണം പഠിപ്പിക്കാൻ വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്നാണ് സംശയം.
അതേസമയം ഉള്‍ക്കാട്ടില്‍ തീവ്രവാദ ക്യാമ്പ് നടന്നതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പിടിയിലായ ചില യുവാക്കള്‍ പാടത്തുനിന്ന് പരിശീലനം നേടിയതായി പൊലീസിനോട് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മുൻപ് അന്വേഷിച്ച തമിഴ്നാട് ക്യു ബ്രാഞ്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തീവ്രവാദ ക്യാമ്പ് നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ജനുവരി മാസത്തില്‍ ക്യാമ്പ് നടന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കാട്ടിനുള്ളില്‍ തട്ടാക്കുടി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിൽ പങ്കെടുത്തെന്നും അന്വേഷണസംഘം വിലയിരുത്തി.
Read more
പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയായിരുന്നു കണ്ടെത്തിയത്.