തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ യു ഡി എഫ് നേതൃത്വം ഇടപെട്ടിട്ടില്ലന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതിന്റെ മുഖ്യസൂത്രധാരന്‍ പിടിയിലായ നസീറാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ പ്രചരിപ്പിച്ചത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ് നൗഫലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യസൂത്രധാരന്‍ നസീറാണ് നൗഫലിന് വീഡിയോ കൈമാറിയത്. നൗഫല്‍ അത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും അരൂക്കുറ്റിയുടെ ശബ്ദം എന്ന എഫ്ബി പേജ് വഴിയും ഗീതാ തോമസ് എന്ന ഫേക്ക് പ്രൊഫൈല്‍ വഴിയും പ്രചരിപ്പിക്കുകയായിരുന്നു. ഇയാളാണ് അബ്ദുള്‍ ലത്തീഫിന് വീഡിയോ നല്‍കിയത്. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശി നൗഫല്‍, നസീര്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ ലത്തീഫിനെയും പൊലീസ് പിടികൂടിയിരുന്നു.
അതേസമയം പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇവരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഐടി ആക്ടിലെ 67 എ, ജനപ്രാധിനിധ്യ നിയമത്തിലെ 123 നാല് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
Read more
തിരഞ്ഞെടുപ്പ് ദിവസം രാവിലെ കോയമ്പത്തൂരില്‍ നിന്നാണ് ട്വിറ്ററില്‍ വീഡിയോ അപ്‌ലോഡ് ചെയ്ത അബ്ദുള്‍ ലത്തീഫിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ മുസ്ലീം ലീഗ് അനുഭാവിയാണെന്നും പൊലീസ് പറഞ്ഞിരുന്നു.