ഇന്നത്തെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്‌ലി. നിരവധി ബാറ്റിംഗ് റെക്കോഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന ബഹുമതി നേടിയ വിരാട് ടെസ്റ്റിലും ടി20 ക്രിക്കറ്റിലും ഒരുപോലെ മികവ് പുലർത്തിയിട്ടുണ്ട്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരവും വിരാട് തന്നെയാണ്. 125 മത്സരങ്ങളിൽ നിന്ന് 4188 റൺസുമായി തന്റെ കരിയർ പൂർത്തിയാക്കി.
ഐപിഎൽ ചരിത്രത്തിലെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട്, ലീഗിൽ 8000 റൺസാണ് നേടിയിരിക്കുന്നത്. ഐപിഎല്ലിലും നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ വിരാട്, ടി 20 ഫോർമാറ്റിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ടി20യിൽ 13000 റൺസ് തികയ്ക്കാൻ വിരാട് കോഹ്‌ലിക്ക് ഇനി 24 റൺസ് മാത്രം മതി.
2007 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 384 ഇന്നിംഗ്‌സുകളിൽ നിന്ന് 12976 റൺസ് ആണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം. 2007 ൽ ഡൽഹിക്ക് വേണ്ടി വിരാട് ടി20യിൽ അരങ്ങേറ്റം കുറിക്കുക ആയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ബാംഗ്ലൂരിൽ എത്തിയ കോഹ്‌ലി ഇന്ന് ഇതാ തന്റെ 18 ആം സീസണാണ് കളിക്കുന്നത്. 2010 ൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് വിരാട് തന്റെ കന്നി ടി20 കളിച്ചത്.
9 സെഞ്ച്വറികളും 98 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 12976 റൺസ് നേടിയ വിരാടിന്റെ നേട്ടത്തിൽ 420 സിക്സറുകളും 1150 ബൗണ്ടറികളും ഉണ്ട്.