കൊല്ലത്തെ വിസ്മയ കേസിൽ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ കിരൺ കുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരൺ കുമാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നുമാണ് ഹർജിയിൽ കിരൺ കുമാറിന്റെ വാദം.
മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്. ഏകപക്ഷീയവും നീതിവിരുദ്ധവുമാണ് വിചാരണക്കോടതിയുടെ വിധി. തനിക്കെതിരെ തെളിവുകളില്ല. രേഖകളുമില്ല. മരണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ ഒരു കണ്ണിയുമില്ലെന്നുമാണ് കിരൺ കുമാറിന്റെ ഹർജിയിലെ വാദം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും മതിയായ തെളിവില്ല.
എന്നിട്ടും തെറ്റായ വിചാരണയുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തേക്ക് ശിക്ഷിച്ചു. ഇതിനകം നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയായി എന്നും കിരൺ കുമാറിന്റെ ഹർജിയിൽ പറയുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ മറുപടി നൽകിയേക്കും. വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നൽകിയ ഹർജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
2021 ജൂണിലാണ് ബിഎഎംഎസ് വിദ്യാർത്ഥിയായ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ പീഡനമാണെന്നായിരുന്നു ബന്ധുക്കളുടെ വാദം. 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.
Read more
എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം വിസ്മയ മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നുവെങ്കിലും കുടുംബം കാര്യമായെടുത്തില്ല. ഒടുവിൽ ഭർതൃപീഡനം സഹിക്കവയ്യാതെ വിസ്മയ കിരണിന്റെ വീട്ടിൽ തൂങ്ങിമരിച്ചു. ഇതിന് പിന്നാലെ കിരൺകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കേസിൽ പത്ത് വർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്.