സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ഫസൽ വധക്കേസ് പ്രതിയും; തലശേരിയിൽ പ്രവേശനം വിലക്കിയിരുന്ന നേതാവ്

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ഫസൽ വധക്കേസ് പ്രതിയും. കാരായി രാജനെയാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത്. ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റമാണ് കാരായി രാജനെതിരെ ചുമത്തിയിരുന്നത്. തലശേരിയിൽ പ്രവേശനം വിലക്കിയിരുന്ന നേതാവായിരുന്നു കാരായി രാജൻ. ഇതാദ്യമായല്ല കൊലക്കേസ് പ്രതികളെ സിപിഐഎം നേതൃനിരയിൽ കൊണ്ടുവരുന്നത്.

2006 ഒക്ടോബറിൽ നടന്ന കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിനൊടുവിൽ ഒന്നരവർഷത്തെ ജയിൽവാസത്തിന് ശേഷം 2013 നവംബർ എട്ടിന് സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജയിൽമോചിതനായി. എന്നാൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന നിബന്ധനയോടെയായിരുന്നു കാരായി രാജന് കോടതി ജാമ്യം നൽകിയത്. ഫസൽ വധക്കേസിൻ്റെ ജാമ്യവ്യവസ്ഥയിൽ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടർന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. പിന്നീട് ഓഗസ്റ്റ് അഞ്ചിനാണ് ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചത്. ഇതോടെ അവർ ജന്മനാട്ടിലേക്ക് മടങ്ങുന്നു.

ഫസൽ വധക്കേസ് സമയത്തും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്നു കാരായി രാജൻ. ഒൻപതുവർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും സിപിഎം വൻ സ്വീകരണമാണ് ഒരുക്കിയത്. തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിന് ഇരുവർക്കും സ്വീകരണം ഒരുക്കി. അന്നത്തെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിൽ നിന്ന് രാജനെ കതിരൂർ സി എച്ച് നഗറിലേക്കും ചന്ദ്രശേഖരനെ കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിച്ചു.

THALASSERY FAZAL MURDER CASE

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസായിരുന്നു ഫസൽ വധക്കേസ്. 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ 4 മണിക്ക് എന്‍ഡിഎഫ് (ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ട്) പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്ന ചെറുപ്പക്കാരന്‍ തലശ്ശേരി സെയ്താര്‍ പള്ളിക്കു സമീപം വെച്ച് പത്ര വിതരണത്തിനിടെ ദാരുണമായി കൊല്ലപ്പെടുന്നു. അതൊരു നോമ്പുകാലമായിരുന്നു. ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സ് റോഡിലൂടെ സൈക്കിളില്‍ സഞ്ചരിച്ച് പത്രവിതരണം നടത്തുകയായിരുന്നു ഫസല്‍. കാത്തിരുന്ന കൊലയാളികള്‍ സൈക്കിള്‍ തടഞ്ഞ് കഠാരകൊണ്ട് ഫസലിന്റെ കഴുത്തില്‍ കുത്തി. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ഇയാള്‍ശ്രമിച്ചിരുന്നു. എന്നാല്‍ ഗേറ്റ് ചാടിക്കടക്കുന്നതിനിടയില്‍ കൊലയാളികള്‍ ഫസലിനെ വലിച്ചു താഴെയിട്ടു. റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാള്‍ കൊണ്ടു വെട്ടിക്കൊന്നു.

തലശ്ശേരി ഗോപാലപേട്ടയില്‍ സി.പി.ഐ(എം) ബ്രാഞ്ച് കമ്മറ്റി അംഗവും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്നു ഫസല്‍. ദേശാഭിമാനി പത്രത്തിന്റെ വിതരണക്കാരനും. പിന്നീട് പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേരുകയും അവരുടെ പ്രസിദ്ധീകരണമായ തേജസ് പത്രത്തിന്റെ വിതരണക്കാരനാവുകയും ചെയ്തു. ഫസലിന്റെ ഈ കൂറു മാറ്റത്തിലുള്ള രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നുണ്ട്. ഫസലിന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം സി.ബി.ഐ. ഏറ്റെടുത്ത കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് മാര്‍ക്‌സിസ്റ്റുകാരാണ് പ്രതികള്‍.