മുറിയില്‍ മുട്ടുകാലില്‍ നില്‍ക്കുന്ന വിധത്തിലായിരുന്നു ഫാത്തിമയുടെ മൃതദേഹം; സിസി ടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയെന്നും പിതാവ് ലത്തീഫ്

ചെന്നൈ ഐഐടിയില്‍ ഹോസ്റ്റല്‍മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ് ലത്തീഫ്. ആദ്യ ദിവസം ഫാത്തിമയുടെ മൃതശരീരം കാണാന്‍ പൊലീസ് അനുവദിച്ചില്ല. തെളിവുകള്‍ നശിപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു എന്നും ലത്തീഫ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലത്തീഫ്.

ഫാത്തിമയുടെ മരണത്തില്‍ തമിഴ്‌നാട് പൊലീസ് വളരെ നിരുത്തരവാദപരമായാണ് പെരുമാറിയത്. കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് മോശം അനുഭവങ്ങളാണുണ്ടായത്. ഫാത്തിമയുടെ മൃതദേഹം സൂക്ഷിച്ചതു പോലും വേണ്ട വിധത്തിലല്ല.

ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയ മുറി സീല്‍ ചെയ്തിരുന്നില്ല. മുറി അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫാത്തിമ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയാണ്. അങ്ങനെ മുറി കിടക്കാന്‍ ഒരു വഴിയുമില്ല. റൂമില്‍ നിന്ന് പൊലീസ് ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചില്ല.

മൃതദേഹം നാട്ടിലേക്ക് അയ്ക്കാന്‍ ” ഐഐടി ഏജന്‍സിയെ ഏല്‍പിച്ചു. മൃതദേഹം അയയ്ക്കാന്‍ അവര്‍ തിടുക്കം കാട്ടുകയായിരുന്നു. നടന്നത് കൊലപാതകം ആണോ എന്ന് അന്വേഷിക്കണം. മുറിയില്‍ മുട്ടുകാലില്‍ നില്‍ക്കുന്ന വിധത്തിലായിരുന്നു മൃതദേഹമെന്ന് ഹോസ്റ്റലിലെ കുട്ടികള്‍ പറഞ്ഞിരുന്നു.

Read more

മതപരമായി ഫാത്തിമയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നോ എന്ന് അന്വേഷിക്കണം. സഹപാഠികളില്‍ പലര്‍ക്കും ഫാത്തിമയോട് പഠനസംബന്ധമായി അസൂയയും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും ഫാത്തിമയോട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അവരുടെ പേരുകള്‍ ഫാത്തിമ എഴുതിവച്ചിട്ടുണ്ട്. ഈ തെളിവുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട് എന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.