'മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തരുത്' സമസ്ത നേതാവിനെ വിമര്‍ശിച്ച് ഫാത്തിമ തഹ്ലിയ

മുസ്ലിം പെണ്‍കുട്ടിയെ പൊതുവേദിയില്‍ വച്ച് അപമാനിക്കുകയും, സംഘാടകരെ ചോദ്യം ചെയ്യുകയും ചെയ്ത സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് ഫാത്തിമ തഹ്ലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതാണ് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാര്‍ ദേഷ്യപ്പെട്ടു.

‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്’ എന്ന് അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരോട് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേരാണി വിമര്‍ശനവുമായി രംഗത്തെത്തിയത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് തലവനാണ് അബ്ദുള്ള മുസ്ലിയാര്‍

ഫാത്തിയ തഹ്ലിയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു.

ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക.

Read more

ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.