സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. താന്‍ വിളിച്ചുവെന്ന ആരോപണം പത്മകുമാര്‍ തെളിയിക്കണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടു.
പി.വി അന്‍വറിന്റെ ചെലവില്‍ അങ്ങനെ പത്മകുമാര്‍ നേതാവാകേണ്ട. പിവി അന്‍വര്‍ ഒരു ബ്രാന്‍ഡ് ആണെന്നും അന്‍വര്‍ വിളിച്ചുവെന്ന വ്യാജ പ്രചരണം നടത്തിയാല്‍ എന്തെങ്കിലും എച്ചില്‍ കഷ്ണം ലഭിക്കുമെന്നും മനസ്സിലാക്കിയ പത്മകുമാറിന്റെ സ്മാര്‍ട്ട്‌നെസിന് നൂറു മാര്‍ക്ക് നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘ആളെ മനസിലായോ?’
സംസ്ഥാന സര്‍ക്കാര്‍ പൊതു ചെലവില്‍ നിന്നും, പാര്‍ട്ടി ഫണ്ടില്‍നിന്നും നടത്തുന്ന പി.ആര്‍ വര്‍ക്കിലൂടെ എപ്പോഴും ‘പ്രോജക്ട്’ ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും ആണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്ക് പോലും ഇവിടെ ഇടമില്ല. സഖാവ് കെ.കെ ശൈലജ ടീച്ചറെ പോലെ വ്യക്തിപ്രഭാവമുള്ളവരെ ‘നമ്മള്‍’ പണ്ടേ മാറ്റി നിര്‍ത്തിയിട്ടുണ്ട്.
പത്മകുമാറിനെ പോലുള്ള ഹതഭാഗ്യരെ നാലാള്‍ അറിയുക പോലുമില്ല. ഇനി പത്മകുമാറിന് സീറ്റ് ഒക്കെ ചോദിക്കാം.
പി വി അന്‍വര്‍ ഒരു ‘ബ്രാന്‍ഡ്’ ആണെന്നും, അന്‍വര്‍ വിളിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയാല്‍ എന്തെങ്കിലും ‘എച്ചില്‍ കഷ്ണം’ ലഭിക്കുമെന്നും മനസ്സിലാക്കിയ പത്മകുമാറിന്റെ ‘സ്മാര്‍ട്ട്‌നെസിന്’ ഞാന്‍ നൂറു മാര്‍ക്ക് നല്‍കും. ഫാഷിസം എന്ന ഒന്നില്ലെന്നും, ആര്‍.എസ്.എസിനെക്കാള്‍ വലിയ ശത്രുവാണ് പി വി അന്‍വര്‍ എന്നതുമാണല്ലോ ‘പാര്‍ട്ടി ക്ലാസ്’. ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചിട്ടും കിട്ടാത്ത മൈലേജ് അല്ലേ ലഭിച്ചത്!.
പക്ഷേ,
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പത്മകുമാര്‍ പറഞ്ഞ കള്ളം സത്യമാണെന്ന് തെളിയിക്കേണ്ട ബാധ്യത പത്മകുമാറിനുണ്ട്.
പത്മകുമാറിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്.
‘ഞാന്‍ വിളിച്ചു’ എന്ന് നിങ്ങള്‍ പറഞ്ഞത് കള്ളമാണ്.
അല്ലാ എങ്കില്‍ പൊതുസമൂഹത്തിന്റെ മുന്‍പില്‍ നിങ്ങള്‍ തെളിയിക്കേണ്ടിയിരിക്കുന്നു. തെളിവുകള്‍ നല്‍കേണ്ടിയിരിക്കുന്നു.
Read more
‘പി വി അന്‍വറിന്റെ ചിലവില്‍ അങ്ങനെ ഓസിന് നേതാവാവേണ്ട’