മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി; അന്വേഷണ ചുമതല കോഴിക്കോട് റൂറല്‍ എസ്പിയ്ക്ക്

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. നവകേരള സദസില്‍ നല്‍കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി. ഇത് സംബന്ധിച്ച പരാതി റൂറല്‍ എസ്പിയ്ക്ക് കൈമാറി. വടകര സ്വദേശി എകെ യൂസഫ് നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നല്‍കാനുള്ള 63 ലക്ഷം രൂപ നല്‍കുന്നില്ലെന്ന് കാട്ടിയാണ് യൂസഫ് നവകേരള സദസില്‍ പരാതി നല്‍കിയത്. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധിയുണ്ടായിട്ടും മന്ത്രി പണം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതിയുടെ ഉള്ളടക്കം. 2015ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രിയ്‌ക്കെതിരെ പരാതി ഉയര്‍ന്നത്.

2019ല്‍ കേസില്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേസില്‍ ഇതുവരെയും മന്ത്രി പണം നല്‍കാന്‍ തയ്യാറായില്ലെന്ന് കാട്ടിയാണ് യൂസഫ് നവകേരള സദസില്‍ പരാതി നല്‍കിയത്. പരാതി കോഴിക്കോട് റൂറല്‍ എസ്പിയ്ക്ക് കൈമാറിയതായി യൂസഫിന് സന്ദേശം ലഭിച്ചു. നവകേരള സദസില്‍ ലഭിക്കുന്ന പരാതിയില്‍ 45 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരന്‍.

Read more

അതേ സമയം താന്‍ ആര്‍ക്കും പണം നല്‍കാനില്ലെന്നും നേരത്തെ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയവരാണ് പരാതിയ്ക്ക് പിന്നിലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ നടപടിയെടുക്കാനാവില്ലെന്നായിരുന്നു വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിയും പ്രതികരിച്ചത്.