ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പത്മജ വേണുഗോപാല്‍. അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് ഈ സൈബര്‍ കുഞ്ഞ് എന്തൊക്കെയാണ് പറയുന്നതെന്ന് ചോദിച്ച പത്മജ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ത്രീകളോട് വലിയ ദേഷ്യമാണെന്നും അഭിപ്രായപ്പെട്ടു.

തന്റെ മാതാവിനെ രാഹുല്‍ ആക്ഷേപിച്ചത് തന്റെ അമ്മ സ്വന്തം മക്കളെ പോലെ കണ്ട മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും ആസ്വദിച്ചുവെന്നും പത്മജ കുറ്റപ്പെടുത്തി. തന്നെ കുറിച്ച് പറഞ്ഞത് ക്ഷമിച്ചു. അച്ഛനെ കുറിച്ചും പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്ന തന്റെ അമ്മയെ കുറിച്ചും പറഞ്ഞുവെന്നും പത്മജ ആരോപിച്ചു.

Read more

കെകെ ശൈലജയെ കുറിച്ചും പറയുന്നത് കേട്ടു. രാഷ്ട്രീയം ഏതായാലും അവര്‍ ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തകയാണ്. അതിലുപരി ഒരു സ്ത്രീയാണെന്നും പത്മജ വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. നേതാക്കന്മാരെ മണിയടിക്കുന്നതൊക്കെ കൊള്ളാം പക്ഷേ ഇലക്ഷന് നില്‍ക്കേണ്ടി വന്നാല്‍ സ്ത്രീകളാരും തന്നെ വോട്ട് ചെയ്‌തെന്ന് വരില്ല. ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂവെന്നും പത്മജ പറഞ്ഞു.