കടുവയെ പിടിക്കാനുറച്ച് വനംവകുപ്പ്; സഹായത്തിന് കുങ്കിയാനകളും

ചീരാലിലെ കടുവയെ പിടിക്കാന്‍ തീവ്രമായി പരിശ്രമിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കടുവയെ പിടിക്കാന്‍ കുങ്കിയാനകളെ എത്തിക്കും. കൂടുവെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടി കൂടുമെന്നും മന്ത്രി പറഞ്ഞു.

ഇതിനായി 30 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും അതിന് പുറമേ നൈറ്റ്‌മെയര്‍ ക്യാമറ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഇത് ഇന്ന് വൈകുന്നേരത്തോടെ തന്നെ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ന് മുതല്‍ കുങ്കിയാനകളുടെ സഹായവും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട്.

അവിടെ അമ്പതോളം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഈ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കടുവയെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആവശ്യമായ ഫോഴ്‌സിനെ മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിക്കാനും ആലോചിക്കുന്നുണ്ട്.

ഇന്നലെ മാത്രം 3 പശുക്കളെയാണ് കടുവ ആക്രമിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ചീരാല്‍ മേഖലയില്‍ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 വളര്‍ത്തുമൃഗങ്ങളാണ്.

Read more

വളര്‍ത്തു മൃഗങ്ങള്‍ കൊല്ലപ്പെട്ടതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.