എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു; സംസ്ഥാനത്തെ രണ്ടാമത്തെ മരണം

സംസ്ഥാനത്ത് പകർച്ചപ്പനികൾ പടരുന്നതിനിടെ എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശികളായ ലിബുവിൻ്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. അതേസമയം എച്ച് 1 എൻ 1 ബാധിച്ചുള്ള സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണിത്.

ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. 4 ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പനി മൂർച്ഛിച്ചതോടെ ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു.

അതേസമയം ഇക്കഴിഞ്ഞ ദിവസം എച്ച് വൺ എൻ വൺ ബാധിച്ച് മലപ്പുറത്ത് 47 വയസുകാരി മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സൈഫുനിസ്സയുടെ മരണം. അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി പടരുകയാണ്.