തന്റെ വിജയം ആഘോഷിക്കാൻ പിറവത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയും കോഴിക്കറിയും തയ്യാറാക്കിയ സംഭവത്തിൽ പ്രതികരിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്. പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ലെന്നും എന്നാൽ അത്രയും ആവേശം വേണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം. താൻ ആരോടും പിടിയും കോഴിക്കറിയും തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഫ്രാൻസിസ് ജോര്‍ജ്ജ് വ്യക്തമാക്കി.
കോട്ടയത്ത് വോട്ടെണ്ണൽ കേന്ദ്രത്തിനടുത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. ഇത് തന്റെ ഒൻപതാമത്തെ തിരഞ്ഞെടുപ്പാണെന്നും ആറ് വട്ടം പാര്‍ലമെൻ്റിലേക്ക് മാത്രം മത്സരിച്ചുവെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. തനിക്ക് ടെൻഷനില്ലെന്നും ടെൻഷൻ അടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയപരാജയ സമ്മിശ്രമാണ് തെരഞ്ഞെടുപ്പ്, ടെൻഷനടിച്ചിട്ട് കാര്യമില്ല. ഒരു ദുഃഖവും ഉണ്ടാകില്ല. ജനം അകമഴിഞ്ഞ് യുഡിഎഫിനെ പിന്തുണക്കുന്നുണ്ട്. ജനത്തിന് ആഗ്രഹിക്കുന്ന നിലയിൽ പ്രവര്‍ത്തിക്കുന്നതിന് കുറിച്ച് മാത്രമാണ് ആശങ്കയെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. രാഷ്ട്രീയം മാറിക്കൊണ്ടിരിക്കും.
കേരളാ കോൺഗ്രസ് എം മുന്നണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ പാര്‍ട്ടി നേതൃത്വം നിലപാട് പറയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കും. ഇന്ത്യ മുന്നണിയുടെ കേരളത്തിലെ പ്രതിരൂപം യുഡിഎഫാണ്. രാഹുൽ ഗാന്ധി വന്നതിൻ്റെ ഗുണം യുഡിഎഫിനാണ് ഉണ്ടാവുകയെന്നും ഫ്രാൻസിസ് ജോര്‍ജ്ജ് വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങൾ 100 ശതമാനം ശരിയല്ലെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.