IPL 2025: അത് എന്നെ വർത്തമാനമാടാ ഉവ്വേ, മുംബൈ ചെന്നൈ ടീമുകൾ തമ്മിലുള്ള വ്യത്യാസത്തിൽ മുൻ ടീമിനെ കുത്തി ദീപക്ക് ചാഹർ; ഒപ്പം ആ പരാമർശവും

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിട്ടാണ് ദീപക് ചാഹർ കളിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം നിരവധി സീസണുകൾ ചെലവഴിച്ചതിന് ശേഷം, മെഗാ ലേലത്തിൽ 9.25 കോടി രൂപയ്ക്ക് അദ്ദേഹം മുംബൈയിൽ ചേർന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ പേസർക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ടീമിന്റെ മൂന്നാം മത്സരത്തിൽ താരം മികച്ച ബൗളിംഗ് കാഴ്ചവച്ചു. ക്വിന്റൺ ഡി കോക്ക്, വെങ്കിടേഷ് അയ്യർ തുടങ്ങിയവരെ പുറത്താക്കി, എതിരാളികളെ 116 റൺസിന് പുറത്താക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. മുംബൈ ആകട്ടെ 12.5 ഓവറിൽ 8 വിക്കറ്റുകൾ കൈയിലിരിക്കെ സീസണിലെ തങ്ങളുടെ ആദ്യ മത്സരം ജയിച്ചു.

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം ചാഹർ ആകാശ് ചോപ്ര, ഹർഭജൻ സിംഗ്, അനന്ത് ത്യാഗി എന്നിവരുമായി സംസാരിച്ചു. സി‌എസ്‌കെയുടെയും മുംബൈയുടെയും ഭാഗമായിരുന്ന താരം, മികച്ച രണ്ട് ഫ്രാഞ്ചൈസികൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ദീപക്കിനോട് ചോദിച്ചു.

“സി‌എസ്‌കെയ്ക്ക് ഒരു നേതാവുണ്ട്, പക്ഷേ മുംബൈയ്ക്ക് നിരവധി നേതാക്കളുണ്ട്. ഇരു ടീമുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമാണിത്. ടീം അന്തരീക്ഷവും വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്‌സിൽ എം.എസ്. ധോണിയുടെ സാന്നിധ്യത്തെക്കുറിച്ച് ആണ് അദ്ദേഹം സംസാരിച്ചത്. മുംബൈയിൽ, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read more

മുംബൈയുടെയും ചെന്നൈയുടെയും കളിരീതികളെക്കുറിച്ചും അദ്ദേഹം പാഞ്ഞു “ഇരു ടീമുകളും ഐ‌പി‌എൽ നേടാൻ മത്സരിക്കുന്നു. ഞാൻ സി‌എസ്‌കെയ്‌ക്കൊപ്പം ഉണ്ടായിരുന്നപ്പോൾ, ഐ‌പി‌എൽ ഫൈനലിൽ അവസാന ഓവർ എറിയുന്നതുപോലെ തയ്യാറെടുക്കാൻ മാനേജ്‌മെന്റ് എന്നോട് പറഞ്ഞു. ഫൈനലിന്റെ അവസാന ഓവറിൽ ബാറ്റ് ചെയ്യുന്നുവെന്ന് കരുതാൻ ബാറ്റ്‌സ്മാൻമാരോട് അവർ പറഞ്ഞു. ചാമ്പ്യൻഷിപ്പുകൾ നേടുന്നതിലാണ് ടീമിന്റെ ഏക ശ്രദ്ധ,” അദ്ദേഹം കൂട്ടിച്ചേർത്തു.