ചരക്ക് ട്രെയിന്‍ പാളംതെറ്റല്‍, ഗതാഗതം പുനഃസ്ഥാപിച്ചില്ല, ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. പാളത്തില്‍ നിന്ന് ട്രെയില്‍ നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചാലക്കുടിക്കും ഒല്ലൂരിനും ഇടയില്‍ നിലവില്‍ ട്രെയിന്‍ ഗതാഗതം ഒറ്റവരിയിലാണ്. ഇതേ തുടര്‍ന്ന് 9 ട്രെയിനുകള്‍ റദ്ദാക്കി. 5 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം മെമു, കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം- പാലക്കാട് മെമു, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി, ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം – ആലപ്പുഴ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കണ്ണൂര്‍- ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണൂരിലും, തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്തും യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും. പുനലൂര്‍- ഗുരുവായൂര്‍ എക്‌സ്പ്രസും, ഗുരുവായൂര്‍ -പുനലൂര്‍ എക്‌സ്പ്രസും തൃപ്പൂണിത്തുറയില്‍ നിന്ന് പുറപ്പെടും.

ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് പുതുക്കാട് വച്ച് ട്രെയിന്‍ പാളം തെറ്റിയത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ട്രെയിനില്‍ ചരക്ക് ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വേഗം കുറച്ചാണ് ട്രെയിന്‍ പോയിരുന്നത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read more

അതേസമയം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിന് പകരമായി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം.