സംസ്ഥാനത്ത് ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസ രീതിയെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തില്‍ യൂണിഫോം രീതി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എതിര്‍പ്പുകള്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. യൂണിഫോം ഏകീകരിക്കാനുള്ള നിര്‍ദേശം സ്വാഗതം ചെയുന്നു. സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ അനാവശ്യമായി വിവാദം ഉണ്ടാകേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലാക്കിയത്. യൂണിഫോം സംവിധാനത്തില്‍ വന്ന മാറ്റത്തെ ചൊല്ലി വിവാദം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെക്കന്ററി സ്‌കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്.
Read more
ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് എന്ന് ആരോപിച്ച് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കോ ഓര്‍ഡിനേഷര്‍ കമ്മിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകള്‍ നിവേദനം നല്‍കി. സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് എതിരെ സമരം സംഘടിപ്പിക്കാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു. അതേ സമയം രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളോടും ആലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.