തൃക്കാക്കരയില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷം: എം.എ ബേബി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ വിഷയം ചര്‍ച്ചയാകുന്നതിന് സന്തോഷമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോഅംഗം എംഎ ബേബി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിന് തൃക്കാക്കരയില്‍ സഹതാപ വോട്ടുകള്‍ ലഭിക്കില്ല. വികസന രാഷ്ട്രീയം പറയാന്‍ സിപിഎം കരുത്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. കെ വി തോമസിന്റെ നിലപാട് മണ്ഡലത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നും എംഎ ബേബി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സി.പി.എം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേരും. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി. രാജീവ്, എം. സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നിരുന്നു. അഡ്വ. കെ.എസ്. അരുണ്‍കുമാറിന്റെ പേരടക്കം പരിഗണനയിലുണ്ട്. ഇ പി ജയരാജനും, എം സ്വരാജിനുമാണ് തിരഞ്ഞെടുപ്പ് ചുമതലകള്‍.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാകില്ലെന്ന ഇപി ജയരാജനും പ്രതികരിച്ചിരുന്നു. യു.ഡി.എഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നണി അധികകാലം ഉണ്ടാകില്ല. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Read more

മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.